Sunday, August 2, 2026
Kerala News

`പണി` തുടങ്ങി പുതിയ ഗവര്‍ണര്‍: സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റിയതില്‍ എ.ഡി.ജി.പിയെ നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചു

`പണി` തുടങ്ങി പുതിയ ഗവര്‍ണര്‍: സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റിയതില്‍ എ.ഡി.ജി.പിയെ നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചു



തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാന്‍ മാറിയെന്ന് കരുതി പുതിയ ഗവര്‍ണറുടെ അടുത്ത് എന്തും ആകാമെന്ന് കരുതേണ്ടതില്ലെന്ന ആദ്യ സൂചന നല്‍കി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ഇന്നലെ ചുമതല ഏറ്റതിനു പിന്നാലെ സര്‍ക്കാരിന്റെ നടപടി തിരുത്തിക്കൊണ്ടാണ് അദ്ദേഹം `പണി` തുടങ്ങിയത്.

ഗവര്‍ണറുടെ സുരക്ഷാവലയത്തിലെ ഏതാനും പോലീസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളുകളെ നിയമിച്ച സര്‍ക്കാര്‍ തീരുമാനമാണ് ഗവര്‍ണര്‍ തിരുത്തിയത്. മുന്‍ ഗവര്‍ണറുടെ സുരക്ഷാ സംഘത്തില്‍ ഉണ്ടായിരുന്നവരായിരുന്നു അവര്‍. സംഭവത്തില്‍ ഡി.ജി.പിയുടെ ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാമിനെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവര്‍ണര്‍ അതൃപ്തി അറിയിച്ചു.

ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് രാജ്ഭവനില്‍ ഒരു നിലയില്‍ പിടിമുറുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. ആ സാഹചര്യം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ആദ്യഘട്ടമെന്ന നിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചത്. ഒഴിവാക്കപ്പെട്ടവര്‍ തന്നെ പരാതിയുമായി എത്തിയതോടെയാണ് പുതിയ ഗവര്‍ണര്‍ക്കും നടപടിയിലെ രാഷ്ട്രീയ ഉദ്ദേശം മനസിലായത്. തുടര്‍ന്നാണ് സര്‍ക്കാരിന്റെ തീരുമാനം തിരുത്തുകയായിരുന്നു.

രാജ്ഭവനില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങോടെയാണ് അര്‍ലേക്കര്‍ പുതിയ കേരള ഗവര്‍ണറായി ചുമതലയേറ്റത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ വി.ശിവന്‍ കുട്ടി, കെ.എന്‍. ബാലഗോപാല്‍, പി.രാജീവ് എന്നിവരും ശശി തരൂര്‍ എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുത്തിരുന്നു.

ആരിഫ് മുഹമ്മദ് ഖാന്‍ ബീഹാര്‍ ഗവര്‍ണറായി പോയതിന് പിന്നാലെയാണ് അര്‍ലേക്കര്‍ കേരള ഗവര്‍ണറായി എത്തിയത്. ആര്‍.എസ്.എസിലൂട പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ഗോവയില്‍ നിന്നുള്ള ബി.ജെ.പി നേതാവാണ് അര്‍ലേക്കര്‍. 1989 ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന അദ്ദേഹം 1990 മുതല്‍ സംസ്ഥാനത്തെ പ്രധാന ബി.ജെ.പി നേതാക്കന്മാരില്‍ ഒരാളായി മാറി.

ഗോവ നിയമസഭാ സ്പീക്കറായിരുന്നു അര്‍ലേക്കര്‍. പിന്നീട് ഗോവ വനം പരിസ്ഥിതി മന്ത്രിയായി. 2021 ല്‍ ഹിമാചല്‍ ഗവര്‍ണറായി നിയമിച്ചു. പിന്നീട് ബീഹാര്‍ ഗവര്‍ണറായി. ആരിഫ് മുഹമ്മദ് ഖാന്‍ ബീഹാര്‍ ഗവര്‍ണറായി പോയ ഒഴിവിലേക്കാണ് അലേക്കര്‍ എത്തിയത്.

Related News

Comments

No comments yet. Be the first to comment!

Leave a Comment